പുംഗവന്റെ ലോകം

Sunday, September 17, 2006

ഭക്തവത്സലാ... അങ്ങെന്റെ സീതയെ കണ്ടുവോ?

പുംഗവന് ഉത്സവമെന്നാല്‍, കുറുമാന് ബിയറെന്നപോലെയാണ്!
ചെണ്ടമേല്‍ (ചെണ്ടക്കാരന്റെ മേലല്ല) കോല് വീണാല്‍ പൂരപ്പറമ്പെല്ലാം തെണ്ടിയിരുന്ന ഒരു കാലം പുംഗവനുമുണ്ടായിരുന്നു. പുംഗവന്റെ സ്പെഷ്യലൈസേഷന്‍ പഞ്ചവാദ്യം, തായമ്പക തുടങ്ങിയ ആസ്ഥാന കലകളിലായിരുന്നില്ല; മറിച്ച്, കുടിയന്മാരുടെ സുകുമാരകലയായ ശിങ്കാരി മേളത്തിലും രാത്രികാല ‘കലാപ‘ പരിപാടികളായ ഗാനമേള, നാടകം, മിമിക്സ് പരേഡ് തുടങ്ങിയവയിലുമായിരുന്നു. ആബാലവൃദ്ധജനങ്ങളും ‘ബാറിലെവെള്ളം’ അകത്താക്കി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെപ്പോലെ ആരുണ്ടെടാ എന്നോട് മുട്ടാന്‍ എന്ന ഭാവത്തില്‍ നെഞ്ചുംവിരിച്ച് തലയെടുപ്പോടുകൂടി പരിപാടികള്‍ കാണാന്‍ വരികയാല്‍, തൊണ്ണൂറ്റൊന്‍പത് ശതമാനം പരിപാടികളും കലാപങ്ങളായി മാറാറാണ് പതിവ്. പോരാത്തതിന് മലപ്പുറത്തെ ഹോട്ടലുകളില്‍ നിന്ന് ചോറും മീന്‍‌മൊളുട്ടതും കഴിച്ചതിനു ശേഷം ചൂടുവെള്ളം കുടിച്ചാലുണ്ടാവുന്ന അനുഭൂതി പോലെ (ഹാവൂ‍...ഓര്‍ക്കുമ്പോള്‍ വെള്ളം വരുന്നു. വായിലല്ല! കണ്ണില്‍!!) , സംഘാടകരും ഏമാന്മാരും അവരവരാല്‍ കഴിയുന്ന സംഭാവനകളും നല്‍കുന്നതിനാല്‍ പരിപാടികള്‍ ഒന്നിനൊന്ന് മെച്ചമാവാറാണ് പതിവ്.

അങ്ങനെയുള്ള ഒരുത്സവകാലത്ത് പുംഗവന്റെ ഗലിയിലെ അമ്പലത്തിലും കൊടിക്ക് കൂറയിട്ടു. ആഘോഷക്കമ്മറ്റിക്കാര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി. സ്ഥലത്തെ പ്രധാനപയ്യന്‍‌സായ ജീപ്പ്‌ഡ്രൈവേഴ്സ് , പകല്‍‌പൂരത്തിന് കൊമ്പരില്‍ വമ്പനായ നെച്ചിക്കോട് രാമചന്ദ്രനെയും മറ്റ് നാല് ‘ഗജബീരാന്മാരെയും‘ കൂടാതെ ഒരു ‘ഫുള്‍’‍സെറ്റ് ശിങ്കാരിമേളവും തങ്ങളുടെ ഘോഷയാത്രയില്‍ അണിനിരത്താന്‍ തീരുമാനിച്ചു. ധാരാളം ഫണ്ട് കൈയിലുള്ള പ്രസ്തുത കമ്മറ്റി, രാത്രിപ്പൂരത്തിന് എല്ലാവര്‍ഷവും നടത്താ‍റുള്ള ഗാനമേളക്കുപകരം, തങ്ങളുടെ കൂട്ടത്തിലുള്ള ‘മലയാളസിനിമയുടെ ഭാവിവാഗ്ദാനങ്ങള്‍’ നടിക്കുന്ന ഒരു നാടകം അവതരിപ്പിക്കാമെന്ന നിര്‍ദ്ദേശത്തെ ഐകകണ്ഠേന അം‌ഗീകരിക്കുകയും ചെയ്തു. മുകളില്‍ പ്രസ്താവിച്ച കലാപസാദ്ധ്യതയും ഈ തീരുമാനത്തിനായി കമ്മറ്റിയെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. നാടകത്തിന്റെ കഥ, സംവിധായകന്‍, അഭിനേതാക്കള്‍, പിന്നണി, മുന്നണി എന്നു തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങളുടെയും ചുമതല, ജീപ്പ്‌സ്റ്റാന്റിന്റെ നടനശിരോമണിയും റെഡ്‌സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, സംഘമിത്ര ക്ലബ്ബ് തുടങ്ങിയവരുടെ വാര്‍ഷികാഘോഷവേളയിലെ നാടകങ്ങളില്‍ തന്റെ നടനമികവ് യാചകനായും ഭ്രാന്തനായും തെളിയിച്ചവനുമായ ശ്രീമാന്‍ മമ്മൂട്ടി കാദര്‍ സ്വയം ഏറ്റെടുത്തു.

സംവിധായകനായി സ്ഥാണുവാശാന്‍ എന്നറിയപ്പെടുന്ന സ്ഥാണുനാഥന്‍ എന്ന ശിങ്കത്തെ(പുലിയല്ല) തെരഞ്ഞെടുക്കാന്‍ കാദറിന് തെല്ലും ആലോചിക്കേണ്ടിവന്നില്ല. സംഘമിത്രയുടെ നാടകങ്ങളില്‍, അരങ്ങില്‍ അഞ്ച് മിനിറ്റും അണിയറയില്‍ ബാക്കി മുഴുവന്‍ സമയവും തകര്‍ത്തഭിനയിക്കേണ്ട വേഷങ്ങള്‍ നല്‍കി, കാദറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഴക്കടലാകുന്ന ഈ അഭിനയലോകത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ ആശാന് നല്‍കാന്‍ ഇതിലും നല്ലൊരു ഗുരുദക്ഷിണ വേറെയെന്താണ്? ഓരോ വേഷത്തിനും വേണ്ടി ഒരു കുപ്പി ‘ഓള്‍ഡ് കാസ്ക് മങ്കും’ ടച്ചിങ്സായി ചില്ലിചിക്കനും ആശാന് കാഴ്ചവച്ചിരുന്ന കാര്യം, കാദറിനും അവന്റെ ഉറ്റ തോഴന്‍ കൊഞ്ഞപ്പന്‍ സിദ്ദീഖിനും, അവന്‍ വഴി ജീപ്പ്സ്റ്റാന്റിലെ സകലമാന കുപ്പിക്കണ്ടങ്ങള്‍ക്കും*1 ആയതിനാല്‍ നാട്ടുകാര്‍ക്കെല്ലാവര്‍ക്കും തന്നെ അറിയാമായിരുന്ന ഒരു പരമരഹസ്യമായിരുന്നു. ഇടക്കിടക്കുള്ള നെറ്റിപ്പട്ടം കെട്ടലും*2 നടിമാരുമൊത്തുള്ള ഐസ്ക്രീം കഴിക്കലുമൊഴിച്ചാല്‍*3 (നടികള്‍ തന്നെ വേണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല) ആശാനെപ്പോലൊരു പുണ്യാളനെ ആ പരിസരപ്രദേശങ്ങളില്‍ കണ്ടുമുട്ടാന്‍ പ്രയാസമായിരുന്നു. കഥയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്നതിനായി സ്ഥണുവാശാനും കാദറിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയും സ്റ്റാന്റിലെ ഓലഷെഡ്ഢില്‍ യോഗം ചേര്‍ന്നു. തട്ടുപൊളിപ്പന്‍ ഡയലോഗുകളും പാട്ടും ഡാന്‍സും ലൌസീനുകളും ഒക്കെയുള്ള കഥക്കായി കാദറും കൂട്ടരും വാദിച്ചെങ്കിലും, “ദേവിയുടെ അമ്പലമാണ്. കൂടാതെ നാട്ടിലെ സ്ത്രീജനങ്ങളെയും പരിപാടി കാണുന്നതിലേക്കാകര്‍ഷിക്കണം” തുടങ്ങിയ മറുവാദവുമായി സ്ഥാണുവാശാനും നിലകൊണ്ടു. വലിയ ഭക്തനായതുകൊണ്ടൊന്നുമല്ല, സ്വന്തം തട്ടകത്തിലെ തരുണീമണികളാരെയെങ്കിലും ഐസ്ക്രീം കഴിക്കാനല്ലെങ്കിലും ഒരു ഐസ് സ്റ്റിക്കിനെങ്കിലും കൂടെ കിട്ടിയാലോ എന്നോര്‍ത്താണ് ആശാന്റെ ഈ നിലപാടെന്ന് ആശാനറിയില്ലെങ്കിലും ആശാനെ നന്നായറിയാമായിരുന്ന കമ്മറ്റിയിലെ ബാക്കിയെല്ലാവര്‍ക്കും പകല്‍പോലെ വ്യക്തമായിരുന്നു. സ്റ്റാന്റിലെ കുപ്പിക്കണ്ടങ്ങള്‍ എല്ലാവരും തന്നെ മാപ്പിളകളായതിനാലും, നാട്ടിലെ യൂണിവേഴ്സിറ്റിയായ ഹൈസ്ക്കൂള്‍ വിടുമ്പോള്‍ ജീപ്പിന്റെ ടേപ്പ്‌റെക്കോര്‍ഡറില്‍ “പൊന്നുസഖി ഏതിനാ പിണക്കമെന്നോടെന്തിനാ...” എന്ന പാട്ടും വെച്ച്, എട്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലുമായി രണ്ടുമൂന്നുവര്‍ഷം നന്നായി പഠിച്ചുവരുന്ന ഹൂറിമാരുടെ, ഹുസ്നുല്‍ജമാലുമാരുടെ കടാക്ഷവും ‘ന്താടാ ചെക്കാ’ എന്നു തുടങ്ങുന്ന മൊയികളും(മൊഴിയെന്നു ഭാഷ്യം) അക്ഷരപ്പിശാച് മാത്രം നിറഞ്ഞ പ്രേമലേഖനങ്ങളും കിട്ടാന്‍‌വേണ്ടി പരിശ്രമിച്ച്, ആ പരിശ്രമത്തില്‍ വിജയം കണ്ടിരുന്നതിനാലും; റോഡിനരിക് ചേര്‍ന്ന് തലയും കുമ്പിട്ട് പുസ്തകം മാറിലൊതുക്കി മന്ദം മന്ദം നീങ്ങുന്ന നായര്‍പെണ്‍കൊടികളാരും തന്നെ നമ്മുടെ അഭിനവ മജ്നുമാരുടെ റിയര്‍വ്യൂ മിററില്‍ പതിഞ്ഞിട്ടുണ്ടായിരുന്നില്ല. മതം മാത്രമായിരുന്നില്ല കാരണം; കൊള്ളാവുന്ന തറവാടുകളില്‍ വളരുന്ന ആ പെണ്‍കിടാങ്ങളെക്കുറിച്ച് കുപ്പിക്കണ്ടങ്ങള്‍ക്കെല്ലാം വളരെ നല്ല മതിപ്പായിരുന്നതിനാല്‍ അവരെക്കുറിച്ച് വേറെ രീതിയിലൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല, കൂടാതെ അവരെല്ലാം തങ്ങളെക്കാളും ‘പഠിപ്പ് കൂടുതലാണെന്ന’ അപകര്‍ഷതാ ബോധവുമുണ്ടായിരുന്നു. നല്ലൊരു നായരായ ആശാന്റെ വാദത്തിന്റെ ഉള്ളുകള്ളി മനസ്സിലാക്കിയ മജ്നുമാര്‍, ഇത്രയും നാളുകള്‍‍ തങ്ങള്‍ക്ക് അപ്രാപ്യമായ ആ വിശാലമായ പുല്‍മേടുകള്‍ തങ്ങളുടെ മുന്നില്‍ മലര്‍ക്കെ തുറക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഹര്‍ഷപുളകിതരായി ഇരുന്നു പോയി. ആ അരുമകളായ മാടപ്പിറാങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും നാടകം കാണാന്‍ വേണ്ടുന്ന സൌകര്യങ്ങളൊരുക്കി, വളണ്ടിയര്‍ ബാഡ്ജ് നെഞ്ചത്തുകുത്തി അവരോടൊക്കെ കുശലം പറഞ്ഞ്, നാടകം കാണാന്‍ വരുന്ന പുരുഷപ്രജകളെ മുഴുവന്‍ കൈയിലുള്ള ശീമക്കൊന്നയുടെ വടിയുമായി ഒതുക്കി നിറുത്തിയിട്ടുമൊക്കെ ആ മങ്കമാരുടെ ഇടയില്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന വീരാരാധനയെക്കുറിച്ചോര്‍ത്ത് അവര്‍ കോള്‍മയിര്‍ കൊണ്ടു. തന്മൂലം ഇതുവരേയും കിട്ടിക്കൊണ്ടിരിക്കുന്ന നെയ്ചോറിനും പോത്തിറച്ചിയോടുമൊപ്പം തുടര്‍ന്ന് കിട്ടാന്‍ പോകുന്ന അവിയലും കാളനും പായസ്സവുമൊക്കെയുള്ള സദ്യയെക്കുറിച്ചും കൂടി സങ്കല്പിച്ചപ്പോള്‍ ഓരോ കുപ്പിക്കണ്ടവും പതുക്കെപ്പതുക്കെ മറുകണ്ടം ചാടാന്‍‌തുടങ്ങി. “ആസാന്‍ പറേണേലും കാര്യണ്ട്’“, “അല്ലേലും അമ്പലപ്പറമ്പിലാവുമ്പോ ലൌസീനൊന്നും സരിയാവൂല” തുടങ്ങിയ പ്രസ്ഥാവനകളുയര്‍ത്തി കമ്മറ്റിയിലെ നല്ല പിള്ളകള്‍ ഓരോരുത്തരും താന്താങ്ങളുടെ നയം വ്യക്തമാക്കാന്‍ തുടങ്ങി. തന്റെ വോട്ട്‌ബാങ്കിന് കാര്യമായ ഉലച്ചില്‍ നേരിട്ടെന്ന് ബോധ്യപ്പെട്ട മമ്മൂട്ടികാദറും പതുക്കെ ആശാന്റെ പക്ഷത്തേക്ക് ചാഞ്ഞു. മൂന്നുമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കവസാനം, ‘രാമായണം’ നാടകമായവതരിപ്പിക്കാനും രാമനായി മമ്മൂട്ടികാദറിനെയും സീതയായി ആശാന്റെ കൂടെ ഏറ്റവും കൂടുതല്‍ തവണ ഐസ്ക്രീം കഴിച്ചിട്ടുള്ള നിലമ്പൂര്‍ ഭാനുമതിയേയും തെരഞ്ഞെടുത്തു.

ഓരോരോ കഥാപാത്രങ്ങള്‍ക്കനുയോജ്യരായവരെ തെരഞ്ഞെടുത്തു തുടങ്ങി. അവസാനം ഹനുമാനെ തെരഞ്ഞെടുക്കുന്ന ഘട്ടമെത്തി. മിസ്റ്റര്‍ ജീപ്പ്സ്റ്റാന്റ് ആയ ഇരുമ്പഷറഫും കാദറിന്റെ സ്വന്തം തോഴന്‍ കൊഞ്ഞപ്പന്‍ സിദ്ദിഖും തമ്മില്‍ ഹനുമാന്‍ റോളിനായി ഇടഞ്ഞു. ദിവസവും രാവിലെ ജിമ്മില്‍ പോയി ഹള്‍ക്ക്‌ഹോഗന്റെ പോലെ ബള്‍ക്ക് മസ്സിലുകള്‍ പെടപ്പിച്ചിട്ടുണ്ടാക്കി നാട്ടിലെ സ്ട്രോംഗ് മാനായി അറിയപ്പെടുന്നയാളാണ് ഇരുമ്പഷറഫ്. കൊഞ്ഞപ്പന്‍ സിദ്ദീഖാകട്ടെ, നമ്മുടെ കാദറിന്റെ സ്വന്തം ആളും. കാദറാളൊരു പീഡിയാട്രീഷ്യനാണ് *4, അതായത് ഇലവന്‍സ് പ്ലെയര്‍ *5. ജീപ്പ്സ്റ്റാന്റില്‍ പുതിയതായി ഒരുത്തന്‍ ചേരുന്നത് കിളിയായിട്ടാണ്. നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗ്രാജ്വേഷന്‍ (പത്താം ക്ലാസ്സ്) കംപ്ലീറ്റ് ചെയ്ത് സ്റ്റാന്റില്‍ കിളിയായെത്തുന്നവന്‍, പിന്നീട് കിളി മൂത്ത് ഡ്രൈവറാകാറാണ് പതിവ്. നമ്മുടെ കൊഞ്ഞപ്പന്‍ ഗ്രാജ്വേഷന്‍ മുഴുമിക്കുന്നതിനു മുമ്പേ (എട്ടില്‍ പഠിത്തം നിറുത്തി) കിളിയായി രംഗത്തെത്തിയിട്ടുള്ളതാണ്. ഹിന്ദി സിനിമാതാരങ്ങളുടെ ആകാരഭംഗിയുള്ള സിദ്ദീഖിന്റെ ആകെയുള്ളൊരു കുറവ്, സംസാരത്തിലെ ജന്മനായുള്ള കൊഞ്ഞപ്പായിരുന്നു. സിദ്ദീഖിന്റെ കാര്യപ്രാപ്തി ശരിക്കും ബോധ്യപ്പെട്ട കാദര്‍, അവനെ തന്റെ ജീപ്പില്‍ കിളിയാക്കുകയും വളരെപ്പെട്ടെന്നു തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. സ്വന്തം ഉസ്താദിനു വേണ്ടി എന്തിനും തയ്യാറായിരുന്ന കൊഞ്ഞപ്പനെ, കാദര്‍ തന്റെ അയല്‍‌വാസിയായ അന്ത്രുമാന്‍ ഹാജിയുടെ പുതിയ ജീപ്പില്‍ ഡ്രൈവറായി ജോലിയും വാങ്ങിക്കൊടുത്തു. അങ്ങനെയുള്ള കൊഞ്ഞപ്പനും ഇരുമ്പഷറഫും തമ്മിലുള്ള വാഗ്വാദത്തിനൊടുവില്‍, രണ്ടുപേരുടെയും അഭിനയമികവ് പരീക്ഷിക്കാന്‍ ആശാന്‍ തീരുമാനിച്ചു. കാദറിന്റെ താത്‌പര്യം മനസ്സിലാക്കിയ ആശാന്‍, ‘കൊഞ്ഞപ്പ്‘ ഹനുമാന്റെ സംഭാഷണത്തെ കൂടുതല്‍ ഭംഗിയാക്കും എന്ന കണ്ടെത്തലോടെ ആ റോള്‍ സിദ്ദീഖിനെ ഏല്‍‌പ്പിച്ചു. അഷറഫിനെയും പിണക്കിയില്ല! അരങ്ങിലല്ലെങ്കിലും അണിയറയില്‍ ഒരു റോള്‍ അവനും ശരിയാക്കിക്കൊടുത്തു. ഹനുമാന്‍ സ്റ്റേജിലേക്ക് പറന്നിറങ്ങുന്നതും ഉയര്‍ന്നു പോകുന്നതും, ഹനുമാന്റെ അരയില്‍ കെട്ടിയ കയര്‍ സ്റ്റേജിന്റെ മുകളിലുറപ്പിച്ച കപ്പി വഴി സ്റ്റേജിന്റെ പിന്നിലെ ഒരു മൂലക്കിരിക്കുന്ന ഇരുമ്പഷറഫ് ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴുമാണ്. അഷറഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍ ഭാനുമതിയുമായി ഐസ്ക്രീം കഴിക്കുക എന്നതിലുപരി വേറെ കലാപരമായ ആഗ്രഹങ്ങളൊന്നുമില്ലാത്തതിനാല്‍ നടന്മാരുടെ തെരഞ്ഞെടുപ്പ് അങ്ങനെ ശുഭപര്യവസായിയായി. സഹനടികളെയും അണിയറപ്രവര്‍ത്തകരെയെല്ലാം സംഘടിപ്പിച്ച് റിഹേഴ്സല്‍ ക്യാമ്പും ആരംഭിച്ചു.

അങ്ങനെ അവസാനം ആ ദിവസം സമാഗതമായി. പകല്‍പ്പൂരം വെടിക്കെട്ടോടു കൂടി സമാപിച്ചു. ആശാനും നടന്മാരും ചെറിയ തോതില്‍ നെറ്റിപ്പട്ടം കെട്ടി ഉഷാറായി. പുല്ലുപായകളുമായി നാടകം കാണാനെത്തിയ മനയ്‌ക്കലെ ആതിര തമ്പുരാട്ടി മുതല്‍ മൂത്തേടത്ത് നായര്‍ തറവാട്ടിലെ ശ്രീദേവി വരെയുള്ള ഉന്നതകുലജാതകളെയും, ചെറുമകോളനിയില്‍‍ നിന്നും പുലയകോളനിയില്‍ നിന്നും വന്ന “എണ്ണക്കറുപ്പിന്നേഴഴക്” എന്ന കവിവാക്യം അരക്കിട്ടുറപ്പിക്കുന്ന കാളി, വള്ളി തുടങ്ങി നൂറോളം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധികളെയും കണ്ട ആശാനും ശിഷ്യന്മാരും സന്തോഷം കൊണ്ട് മതിമറന്നു പോയി. നാടകം തുടങ്ങുമ്പോഴേക്കും ആ മൈതാനം മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. കൃത്യം 10.30നു തന്നെ നാടകം ആരംഭിച്ചു. മമ്മൂട്ടികാദറും നിലമ്പൂര്‍ ഭാനുമതിയും കൊഞ്ഞപ്പന്‍ സിദ്ദീഖും മറ്റും തകര്‍ത്തഭിനയിക്കാന്‍ തുടങ്ങി. പ്രേക്ഷകരും പതിയെ നാടകം ആസ്വദിക്കാന്‍ തുടങ്ങി.

അശോകവനത്തിലിരിക്കുന്ന സീതയെ ഹനുമാന്‍ സന്ദര്‍ശിക്കുന്ന രംഗമെത്തി. സീതയുടെ കൈയില്‍ നിന്ന് മുദ്രമോതിരം വാങ്ങി ഹനുമാന്‍ തിരികെ രാമനടുത്തെത്തുന്നതാണ് അടുത്ത രംഗം. ഹനുമാന്റെ പോക്കും വരവും നേരത്തേ പറഞ്ഞപോലെ ഇരുമ്പഷറഫിന്റെ കണ്ട്രോളിലാണ്. അതായത്, സീതയുടെ കൈയില്‍ നിന്ന് മോതിരം വാങ്ങിച്ച് യാത്ര പറയുന്ന ഹനുമാനെ സ്റ്റേജിന്റെ മുകള്‍ത്തട്ടിലേക്ക് വലിച്ചു കയറ്റുകയും, ലൈറ്റണഞ്ഞ് സ്റ്റേജില്‍ നിന്ന് സീത മാറി പകരം രാമന്‍ വന്ന് ലൈറ്റ് വീണ്ടും വരുമ്പോള്‍ (സീന്‍ ചെയ്ഞ്ച്) ഹനുമാനെ തിരികെ സ്റ്റേജിലേക്ക് ഇറക്കുകയുമാണ് ചെയ്തിരുന്നത്. അഷറഫ്, സീതയുടെ അടുത്തു നിന്നും ഹനുമാനെ വലിച്ചുയര്‍ത്തി; ലൈറ്റണഞ്ഞു. താനിരിക്കുന്ന ഭാഗത്തുകൂടെ സ്റ്റേജിന് പിന്നിലേക്ക് കടന്നുവന്ന സീതയുമായി അഷറഫ് ഐസ്ക്രീം കഴിക്കുന്നതൊന്ന് റിഹേഴ്സല്‍ ചെയ്തു. അപ്പോഴേക്കും സീന്‍ മാറി, സ്റ്റേജില്‍ രാമന്‍ വന്ന്, കൂടെ ലൈറ്റും വന്നു! പെട്ടെന്ന് തെളിഞ്ഞ വെളിച്ചം കണ്ട് ഞെട്ടിയ നമ്മുടെ സീത എന്ന നിലമ്പൂര്‍ ഭാനുമതി കുതറിമാറുകയും, തന്മൂലം അക്കോര്‍ഡിംഗ് റ്റു ന്യൂട്ടണ്‍‍സ് തേര്‍ഡ് ലോ, അഷറഫിന്റെ കൈയില്‍ നിന്നും കൊഞ്ഞപ്പനെ കണ്ട്രോള് ചെയ്യുന്ന കയര്‍ ഊരിപ്പോവുകയും ചെയ്തു. ഇന്ത്യ അയക്കുന്ന റോക്കറ്റുകള്‍ താഴേക്കുവരുന്നതിലും വേഗത്തില്‍ നമ്മുടെ കൊഞ്ഞപ്പന്‍ സ്റ്റേജിന്റെ നടുവിലേക്ക് നെഞ്ചുമിടിച്ചു ലാന്റ് ചെയ്തു. ഓരോ തവണയും ഓരോ വേഗത്തില്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ (അത് അഷറഫിന്റെ കഴിവ്) ഹനുമാന്റെ ഈ വരവിലും‍ രാമന് അസ്വാഭികതയൊന്നും തോന്നിയില്ല. ജീവിതത്തിലും നാടകത്തിലും തന്റെ ഉറ്റ തോഴനായ കൊഞ്ഞപ്പന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ഭാവങ്ങള്‍ കണ്ട കാദര്‍, ഉള്ളില്‍ അവനോട് അസൂയ തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ, തന്റെ നടനശിരോമണിപ്പട്ടം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിരുത്തി, രംഗത്തിന്റെ മുഴുവന്‍ ഭാവങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ചോദിച്ചു.

“ഭക്തവത്‌സലാ.....അങ്ങെന്റെ സീതയെക്കണ്ടുവോ?”

നെഞ്ചിടിച്ച് വീണതിന്റെ വേദനയും ഇടനേരങ്ങളില്‍ കഴിച്ച വിപ്ലവാരിഷ്ടത്തിന്റെ വീര്യവും കൂടി ചേര്‍ന്നപ്പോള്‍ ഹനുമാന്‍ വീണ്ടും ജീപ്പ്സ്റ്റാന്റിലെ സാദാ കൊഞ്ഞപ്പനായി. അപ്പോഴാണ് ഉസ്താദിന്റെ ഒരു ചോദ്യം! കൊഞ്ഞപ്പന്‍ അലറി.

“ഞാനൊരു നായിന്റെ മോളെയും കണ്ടില്ലേ... ആ കയറ് പിടിച്ച അറാമ്പറന്നോനെ*6 വിടല്ലേ...”

കയറ് കൈയില്‍ നിന്ന് ഊരിയപ്പോഴേ ഇരുമ്പഷറഫ് സ്റ്റേജില്‍ നിന്നിറങ്ങി ഓടിയിരുന്നു; കൊഞ്ഞപ്പന്റെ വീഴ്ചയില്‍ ആശാനും. പിന്നെയവിടെ നടന്നതിനെപ്പറ്റി ഒറ്റവാക്യത്തില്‍ പറയുകയാണെങ്കില്‍ “അമ്പലക്കമ്മറ്റിയുടെ വെടിക്കെട്ടിനെക്കാളും കേമായത് രാത്രീലെ വെടിക്കെട്ടാ”. പിന്നീടിന്നുവരെയുള്ള ഉത്സവങ്ങള്‍ക്കൊന്നും തന്നെ പ്രസ്തുത ആഘോഷക്കമ്മറ്റി നാടകം നടത്തുക പോയിട്ട് അതിനെക്കുറിച്ച് ചിന്തിക്കുകപോലുമുണ്ടായിട്ടില്ല എന്നത് ചരിത്രം!!!

------------------------------------------------------------------------

*1- കുപ്പിക്കണ്ടങ്ങള്‍ : 15നും 20നും ഇടയില്‍ പ്രായമുള്ള, നാട്ടിലെ സകലമാന കുണ്ടാമണ്ടികളിലും കറികളില്‍ ഉപ്പെന്ന പോലെ അവിഭാജ്യഘടകങ്ങളായ, യംഗ് ജെനറേഷനുകളെ പുംഗവന്റെ സുഹൃത്‌വലയം കളിയാക്കിപ്പറയുന്ന പേര്.

*2-നെറ്റിപ്പട്ടം കെട്ടല്‍ : സാക്ഷാല്‍ വെള്ളമടി എന്ന മദ്യപാനം! സാധനം അകത്തു് ചെന്നാല്‍ പിന്നെ മനുഷ്യന്മാരുടെ നില നെറ്റിപ്പട്ടം കെട്ടിയ ആനകളോട് തുല്യമാണ്. ആയതിനാല്‍ പുംഗവന്റെ കൂട്ടുകാരുടെ കോഡുഭാഷയാണ് നെറ്റിപ്പട്ടം കെട്ടല്‍.

*3-ഐസ്ക്രീം കഴിക്കല്‍ : സംശയിക്കേണ്ട!! കുഞ്ഞാലിക്കുട്ടി സാഹിബിന്റേതുതന്നെ.

*4-പീഡിയാട്രീഷ്യന്‍ ; *5-ഇലവന്‍‌സ് പ്ലെയര്‍ : സ്വവര്‍ഗ്ഗാനുരാഗി

*6-അറമ്പറന്നോന്‍ : ഹറാം പിറന്നവന്‍

Wednesday, September 13, 2006

പുംഗവന്‍ വന്നേ..........

അങ്ങനെ പുംഗവനും......

ബൂലോഗപുലികളുടെ ഇടയിലേക്കുള്ള ഒരു ചിന്ന എലിയുടെ നുഴഞ്ഞുകയറ്റം.....
അനുഗ്രഹിക്കുക.. ആശീര്‍വ്വദിക്കുക.....

ഒരു ചെറിയ പ്രശ്നം!
പുംഗവന്റെ സ്ഥാനം‍ മൂന്നാമിടത്തിലാണ്.
ആഴ്ചപ്പതിപ്പല്ല ഉദ്ദേശിച്ചത്.
മനസ്സിലായില്ല??...
മെംബര്‍ഷിപ് കിട്ടിയത് ബൂലോഗം മൂന്നിലാണെന്ന്!!!!
സാരമില്യ! അല്ലെങ്കിലും പുംഗവന് ബൂലോഗത്തിന്റെ സ്റ്റേജില്‍ കയറി പറയാന്‍ താല്പര്യമില്ല.
അഹങ്കാരം കൊണ്ടല്ല കേട്ടോ, പുംഗവന്‍ അത്രയ്ക്കൊന്നുമായിട്ടില്ല എന്നൊരു വിശ്വാസം ബൂലോഗപുലികളുടെ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയ അന്നുമുതലേ മനസ്സിലുണ്ടേ.
ആയതിനാല്‍ ബൂലോഗം മൂന്നിലും പോസ്ടാന്‍ പേടിയാണേ...
പിന്നെന്തു ചെയ്യും???? .................
പുംഗവനോടാ കളി? പുംഗവന്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്യൂലോ!
ആളൊരു അഭിമാനിയാണെന്നു സാരം.

സംഗ്രഹം എന്താണെന്നു വച്ചാല്‍,
പുംഗവന്റെ പേശുകള്‍ വായിക്കാനും, അതിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ആ ബാലവൃദ്ധ ബൂലോഗരെയും വ്യസന സമേതം ക്ഷണിച്ചുകൊള്ളുന്നു. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സെന്‍സറിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. കരീം മാഷിനെയും മറ്റ് മെംബര്‍മാരെയും ആദ്യമേ ക്ഷണിക്കുന്നു. സെന്‍സറിംഗ് കമ്മറ്റിയുടെ സര്‍ട്ടിക്കറ്റ് ലഭിക്കുന്നതു വരെ പ്രായപൂര്‍ത്തിയാവാത്ത ബൂലോഗരാരും തന്നെ പുംഗവന്റെ തട്ടകത്തില്‍ കയറുന്നത് വിലക്കിയിരിക്കുന്നു.
പുംഗവന്റെ വിലാസം : http://pungavan.blogspot.com/


മഹാകവി “കുറുമനാശാന്‍” പാടിയ പോലെ;
“ഒരു നാള്‍ ഞാനും വിശാലനെപ്പോല്‍ വളരും വലുതാകും,
ബൂലോഗത്തില്‍ പാറി നടന്ന്‌ കുറുകുറുകുറു പറയും.”

പുംഗവന്റെ ആഗ്രഹമാണ്!
നടക്ക്വോ??? നോക്കാ.. ല്ലേ....

നിങ്ങള്‍ക്കൊക്കെ ഒരു തോന്നലുണ്ടാവാം:
യെവന്‍ വിശാലനാവാന്‍ പഠിക്ക്യാ... കുറുമാനാവാന്‍ പഠിക്ക്യാ... ന്നൊക്കെ..
സത്യമായിട്ടും അതൊന്നുമല്ല.
കുന്നോളം മോഹിച്ചാലല്ലേ കുന്നിക്കുരുവെങ്കിലും കിട്ടൂ!
മോഹന്‍ലാലായില്ലെങ്കിലും ഒരു മദന്‍‌രാജെങ്കിലും!!!
ശ്രമിച്ചു നോക്കട്ടേ... ട്ടോ!

നിങ്ങളുടെയെല്ലാം സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.....

സവിനയം,
പുംഗവന്‍.


____________________________________________


പറയാന്‍ പാടില്ലാത്തത്, എന്തെന്നാല്‍ പുംഗവന്റെ മനസ്സിലുള്ളത് :

എന്തൊക്കെത്തന്നെയായാലും ബൂലോഗന്മാരെക്കുറിച്ചാലോചിക്കുമ്പോള്‍ പുംഗവന്‌ ഒരു ചെറിയ ശങ്കയുണ്ട്. നെഞ്ച് പടപടാന്നടിക്കുന്നു...ശരീരമാസകലം വിറക്കുന്നു‍......
എന്റെ ബൂലോഗനാര്‍ക്കാവിലമ്മേ.....
പുംഗവനെ കാത്തോളണേ!!!
യക്ഷിയെയും ഗന്ധര്‍വ്വനെയും പുംഗവന് പരിചയം മലയാള സിനിമകളിലൂടെയും സീരിയലിലൂടെയും ആയിരുന്നു. പക്ഷേ, അവരെല്ലാം ലൈവായി ബൂലോഗത്തുണ്ടെന്ന് ഈയടുത്താണറിയുന്നത്. കൂടാതെ “പെരിങ്ങോടരും”. പേര് കേട്ടാല്‍ തന്നെയറിയാം, അരിങ്ങോടരുടെ ആരോ ആണെന്ന്. കൂടാതെ കളരി, ആറാംതമ്പുരാന്‍ എന്നൊക്കെപ്പറഞ്ഞ്‌ ബ്ലോഗിലൂടെയുള്ള ഞെട്ടിക്കലും. കഴിഞ്ഞില്ല! ബുജികള്‍, തത്വചിന്തകര്‍, സാഹിത്യകാരന്മാര്‍, etc . തീരുന്നില്ല......
അമ്മേ! ദേവീ!! അടിയന് നീയേ തുണ!!!
പുംഗവനെയും അവന്റെ ബ്ലോഗിനേയും അവിടത്തെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.

“ബൂലോഗനാര്‍ക്കാവിലമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം!”